ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
നാല്‍പ്പതുകളുടെ ആരംഭത്തോടെ പോത്താനിക്കാടിനെ കോതമംഗലവുമായി ബന്ധിപ്പിക്കുന്ന ഒരു മണ്‍റോഡ് നിര്‍മ്മിച്ചതോടെയാണ് വാഹനഗതാഗത്തിനുള്ള സാധ്യത പഞ്ചായത്തില്‍ കൈവന്നത്. ഇതിനെ തുടര്‍ന്ന് കക്കാടാശ്ശേരി-നെടുവക്കാട് റോഡ്, പോത്താനിക്കാട്-ചാത്തമറ്റം റോഡ് തുടങ്ങിയ പ്രാദേശിക റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. ഇന്ന് പഞ്ചായത്തില്‍ പൊതുമരാമത്തിന് കീഴിലുള്ള റോഡുകളും പഞ്ചായത്ത് റോഡുകളും രജിസ്റ്റര്‍ ചെയ്യാത്ത ഏതാനും പൊതുവഴികളും ചില സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള റോഡുകളുമുണ്ട്. ചേലയ്ക്കക്കടവില് ആണ് ജലഗതാഗതം കേന്ദ്രീകരിച്ചിരുന്ന ഒരു സ്ഥലം. ശബരിമല-കൊടൈക്കനാല്‍ സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പോത്താനിക്കാട്-ആയവന അക്വാഡെക്റ്റ് കനാല്‍ പഞ്ചായത്തിലൂടെയാണ് പോകുന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തൃക്കാവ് സംസ്കാരത്തിന്റെ കാലഘട്ടത്തില്‍ പോത്താനിക്കാട് പഞ്ചായത്ത് വ്യവസായികമായി മുന്നോക്കം നിന്നിരുന്നുവെന്ന് കരുതപ്പെടുന്നു. ഇരുമ്പയിര് ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഖനനസംസ്കരണ വ്യവസായങ്ങളില്‍ പഞ്ചായത്ത് മുന്നിലായിരുന്നുവെന്ന് ഇവിടെ കാണപ്പെടുന്ന ഖനികുഴികള് സാക്ഷ്യം വഹിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ചില പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറുകിട വ്യവസായങ്ങളായ റബ്ബര്‍, തീപ്പെട്ടി നിര്‍മ്മാണം, ചെരുപ്പു നിര്‍മ്മാണം, ഫര്‍ണീച്ചര്‍, പ്രിന്റിംഗ് പ്രസ് എന്നിവ പഞ്ചായത്തില്‍ സജീവ പ്രവര്‍ത്തനം നടത്തിവരുന്നു. മെറ്റല്‍ ക്രഷര്‍, ഹോളോബ്രിക്സ്, പോളിത്തീന്‍, പൈപ്പ്, തടിമില്ല് തുടങ്ങിയ ഇടത്തരം വ്യവസായങ്ങളും ഈ പഞ്ചായത്തിലുണ്ട്. പൊതുവിതരണ മേഖലയില്‍ 5 റേഷന്‍ കടകളും ഓരോ മാവേലി-നീതി സ്റ്റോറുകളും പഞ്ചായത്തിലുണ്ട്. പോത്താനിക്കാട് ബസ്സ്റ്റാന്റിലും പുളിന്താനത്തും പഞ്ചായത്തിന്റെ വ്യാപാരം കേന്ദ്രീകരിച്ചിരിക്കുന്നു. നാനാതരത്തിലുള്ള മതസ്ഥര്‍ അധിവസിക്കുന്ന പോത്താനിക്കാട് പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങള്‍ ഉണ്ട്. ഹിന്ദുക്കളുടെ ആരാധനാലായമായ തൃക്കേപ്പടി ശിവക്ഷേത്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പറമ്പഞ്ചരിയിലെ മുസ്ലീം പള്ളി, പറമ്പഞ്ചരി സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച്, പുളിന്താനം സെന്റ് ജോണ്‍സ് ചര്‍ച്ച്, പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് ചര്‍ച്ച്, പോത്താനിക്കാട് ഉമ്മിണിക്കുന്ന് മര്‍ത്തമറിയം പള്ളി തുടങ്ങി എട്ടോളം ദേവാലയങ്ങളും പഞ്ചായത്തിലുണ്ട്. 1845-ല്‍ സ്ഥാപിതമായ സെന്റ് സേവ്യേഴ്സ് പള്ളിയും 1848-ലെ ഉമ്മിണിക്കുന്ന് മര്‍ത്തമറിയം പള്ളിയുമാണ് പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍.പഞ്ചായത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ തൃക്കേപ്പടി ശിവക്ഷേത്രത്തിലെ മഹോത്സവും പള്ളിപെരുന്നാളുകളും ഈ ഗ്രാമത്തിന്റെ സാംസ്കാരിക പുരോഗതിയിലും വിദ്യാഭ്യാസ വളര്‍ച്ചയിലും ആതുരസേവന രംഗങ്ങളിലും ദേവാലയങ്ങള്‍ വഹിച്ചിട്ടുള്ള പങ്ക് അദ്വിതീയമാണ്. മതസൌഹാര്‍ദ്ദത്തിന്റെ വിളനിലമാണ് ഈ ഗ്രാമം. പുലര്ച്ചയിലും സന്ധ്യ നേരങ്ങളിലും പള്ളിമണികളും വാങ്ക് വിളികളും ശംഖ്നാദവും കൊണ്ട് മുഖരിതമാണ് ഇവിടുത്തെ അന്തരീക്ഷം. പോത്താനിക്കാട് പഞ്ചായത്തില്‍ വിദ്യാഭ്യാസരംഗം സജീവമാണ്. ആശാന് കളരികളില്‍ വിരിച്ച മണലിലും പനയോലകളിലും അക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. ഒരു എല്‍.പി സ്കൂള്‍ ആരംഭിച്ചതോടെയാണ് പഞ്ചായത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ സൌകര്യം ആരംഭിച്ചത്. 1925-ല്‍ മാര്‍ത്തോമസഭയുടെ മാനേജ്മെന്റില്‍ കീഴില്‍ ഒരു സ്കൂള്‍ സ്ഥാപിതമായി. പോത്താനിക്കാട് പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൌപചാരിക വിദ്യാഭ്യാസത്തിനും പ്രധാന്യം നല്‍കുന്നുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന പോത്താനിക്കാട് പബ്ളിക് ലൈബ്രറിയും പുളിന്താനത്ത് പ്രവര്‍ത്തിക്കുന്ന കൈരളി വായനശാലയും വൈജ്ഞാനികരംഗത്തെ നേട്ടങ്ങളാണ്. വൈദ്യുതി ബോര്‍ഡ് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവന്, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ പോത്താനിക്കാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വാട്ടര്‍ അതോറിറ്റി ഓഫീസ്, പോലീസ് സ്റ്റേഷന്, സ്പീഡ് കൊറിയര്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തപാല്‍ ഓഫീസും അതിന്റെ ശാഖയും പോത്താനിക്കാടിലാണ്. നാട്ടു രാജാക്കന്മാര് തമ്മിലുള്ള യുദ്ധത്തില്‍ ഭയന്നാ, പ്രകൃതിക്ഷോഭത്തെ തുടര്ന്നാ അന്നത്തെ ദേശവാസികള്‍ നാടുവിട്ടു പോകുകയും പിന്നീട് പതിറ്റാണ്ടുകളോളം കാടായി കിടക്കുകയും ചെയ്തിരുന്നു. പോത്തും ആനയും ധാരാളം കണ്ടിരുന്ന കാടായതിനാല്‍ പോത്താനിക്കാട് എന്ന് പേരുണ്ടായി എന്നാണ് ഒരു വിശ്വാസം. ഈ കാട്ടില്വലിയ പോത് അഥവാ പൊത്ത് ഉള്ള ഒരു അത്തി മരം ഉണ്ടായിരുന്നു എന്നും കുടിയേറ്റക്കാലത്ത് അതിന്റെ ചുവട്ടില്‍ നാട്ടുകൂട്ടം ചേരുക പതിവായിരുന്നു എന്നും അതിനാല്‍ ഈ പ്രദേശത്തെ പോതുള്ള അത്തി നില്ക്കുന്ന കാട് എന്ന അര്‍ഥം വരുന്ന പോത്താനിക്കാട് എന്ന് പേരുണ്ടായി എന്നും പറയപ്പെടുന്നു. ട്രേഡു യൂണിയനുകളും കര്‍ഷക സംഘടനകളും സംഘടിപ്പിച്ചുകൊണ്ട് തൊഴിലാളികളും കര്‍ഷകരും ഒട്ടേറെ അവകാശസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിനായി പ്രൈമറി സ്കൂള്‍ ആരംഭിച്ചത് 1921 ലാണ്. 1951 ലാണ് ഇവിടെ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കുന്നത്. 1955 ല്‍ പ്രാഥമിക സഹകരണ സര്‍വീസ് ബാങ്ക് ആരംഭിച്ചു. 1945 ല്‍ ഇവിടെ യങ് മെന്‍സ് അസോസിയേഷന് എന്ന പേരില്‍ ഒരു സംഘടന രൂപം കൊണ്ടു.1950 കളില്‍ ഇവിടെ ഒരു മാച്ച് ഫാക്ടറിയും അല്പം ടിമ്പര്‍ വ്യവസായവും ഉണ്ടായിരുന്നു. 1940 ല്‍ നാട്ടുകാര്‍ മുന്‍കൈ എടുത്ത് വെട്ടിത്തുറന്ന പോത്താനിക്കാട് കോതമംഗലം റോഡാണ് ഈ പഞ്ചായത്തിലേക്ക് ആദ്യമായി വാഹന ഗതാഗതത്തിന് വഴിയൊരുക്കിയത്.